Book Review
പുസ്തകം : റോബിൻസൺ ക്രൂസോ
ഡാനിയൽ ഡിഫോ എഴുതിയ ഒരു ഇംഗ്ലീഷ് നോവൽ ആണ് 'റോബിൻസൺ ക്രൂസോ'. മലയാളത്തിലേക്ക് ഈ കൃതി വിവർത്തനം ചെയ്തത് കെ പി ബാലചന്ദ്രൻ.
ഈ നോവലിന്റെ പല ഭാഗങ്ങളും പലപ്പോഴായി എവിടെയൊക്കെയോ മുൻപ് വായിച്ചിട്ടുണ്ട്. ഇതൊരു ഭാഗികമായ പുനർവായനയാണ്. ഭാവിയിൽ വായിക്കാൻ ലിസ്റ്റ് ചെയ്തു വെച്ച ഒരു ബുക്ക് ആയിരുന്നില്ല, കോളേജ് ലൈബ്രറിയിൽ കണ്ടപ്പോൾ വായിക്കണമെന്ന് തോന്നി എടുത്തതാണ്. അവിടേം ഇവിടേം ഉള്ള കുറെ ഭാഗങ്ങൾ മുൻപ് വായിച്ചിട്ടുണ്ടെങ്കിലും അത് ആസ്വാദനത്തെ ബാധിക്കുകയോ ബോറടിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. രണ്ട് സമയത്തായി ആറ് മണിക്കൂർ കൊണ്ടു 176 പേജുകൾ ഉള്ള ഈ നോവൽ വായിച്ചു തീർക്കാൻ എനിക്ക് സാധിച്ചു (ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാവുന്ന ബുക്ക് ആണ് ).
ഒരു സാങ്കൽപ്പിക കഥയെയും കഥാപാത്രത്തെയും യഥാർത്ഥമാണെന്നു തോന്നിപ്പിക്കുന്ന മനോഹരമായ ഒരു നോവലാണ് 'റോബിൻസൺ ക്രൂസോ'. ഒരു സാങ്കൽപ്പിക കഥയാണെന്ന് മുൻകൂട്ടി അറിഞ്ഞു വായിച്ചിട്ടുപോലും വായിക്കുന്ന നേരത്തു ഒരു സാങ്കൽപ്പികത എവിടെയും അനുഭവപെട്ടില്ല, ശരിക്കുമുള്ള ഒരാളുടെ യാത്രാനുഭവം അല്ലെങ്കിൽ ആത്മകഥയെന്നവണ്ണം വിശ്വസനീയം . വാസ്തവം അറിയാതെ വായിക്കുന്ന ഒരാൾ ഇത് ശരിക്കുള്ള കഥയാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.
സഹായത്തിനോ ഉപദ്രവത്തിനോ ആരുമില്ലാത്തൊരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ ഒരു നാവികൻ, അയാൾ അവിടെ എത്തിപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളും, അവിടെ കഴിച്ചുകൂട്ടിയ നാളുകളും, അതിനിടയിൽ അവിടെ നിന്നും 'മോചനം' ലഭിക്കാൻ അയാൾ നടത്തിയ ശ്രമങ്ങളും എല്ലാം വളരെ മികച്ച രീതിയിൽ നോവലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരാളുടെ വീഴ്ചയും ഉയർച്ചയും, ആ ഓരോ അവസ്ഥകളിലേക്കും അയാൾ എത്തിപ്പെട്ട കാരണങ്ങളും നോവലിൽ കാണാം. ഒരു മനുഷ്യന്റെ ലക്ഷ്യങ്ങളും മോഹങ്ങളും അവസാനിക്കാതെ എന്നും പെരുകിക്കൊണ്ടിരിക്കുമെന്ന് നോവലിൽ നിന്നും വ്യക്തമാണ്, ആഗ്രഹിച്ച ഒന്ന് നേടിയാൽ അയാൾ അതിനെ മികച്ചതാക്കാനോ അതിലും വലിയ മറ്റൊരു ലക്ഷ്യം കണ്ടെത്തി അത് നേടിയെടുക്കാനോ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരുപാട് നല്ല ഗുണപാഠങ്ങൾ നോവലിലുണ്ട്. മനഃശാസ്ത്രത്തിന്റെ ഫലപ്രദമായ ഉപയോഗം കൊണ്ടും മികച്ച അവതരണ ശൈലി കൊണ്ടും അവ മനസിലാക്കാനും ഉൾകൊള്ളാനും ഒരു ബുദ്ധിമുട്ടും തോന്നില്ല. എല്ലാം കൊണ്ടും നല്ലൊരു വായനാനുഭവം തന്നെയാണ് 'റോബിൻസൺ ക്രൂസോ' സമ്മാനിക്കുന്നത്.
നല്ല രീതിയിൽ തന്നെ വിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും മുൻപ് വായിച്ചിട്ടുള്ളത് ഇംഗ്ലീഷ് പതിപ്പ് ആയിരുന്നതുകൊണ്ടാകാം, മലയാളം പരിഭാഷയേക്കാൾ ഇംഗ്ലീഷ് പതിപ്പ് വായിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്ന് തോന്നി.
Rating : 4/5
Nb: എന്റെ വായനാനുഭവത്തിൽ തോന്നിയ അഭിപ്രായമാണ്, മറ്റൊരാളുടെ ആസ്വാദനരീതിയും അഭിപ്രായവും മറ്റൊന്നാവാം.
-ശ്രുതി സുരേന്ദ്രൻ
കൊള്ളാം. കഥ സംഗ്രഹിച്ചു പറഞ്ഞായിരുന്നു എങ്കിൽ ബുക്ക് വായിക്കാൻ താൽപര്യം വർദ്ധിച്ചേനെ.
മറുപടിഇല്ലാതാക്കൂ❤️❤️
ഇല്ലാതാക്കൂ