2021 ജൂലൈ 19, തിങ്കളാഴ്‌ച

ചങ്ക് തകർത്തെറിയുന്നവ

കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും ഒരാളെ മാനസികമായി തളർത്താൻ കഴിയുന്ന ഒരായുധമാണ്, കാര്യമായും തമാശയായും അത് പ്രയോഗിക്കാം. എങ്ങനെ ഉപയോഗിച്ചാലും ഫലം ഏകദേശം ഒരുപോലെ തന്നെ.


ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നമ്മളെ അത് ബാധിക്കേണ്ടതുണ്ടോ? ഇല്ലെന്ന് പറയാൻ ആഗ്രഹമുണ്ട് പക്ഷെ ഒരു മനുഷ്യന്റെ മാനസിക സ്വഭാവം അനുസരിച്ചു പരിധിയിൽ കവിഞ്ഞ നെഗറ്റീവ് കമെന്റുകൾ എത്ര മനക്കട്ടി ഉള്ളവന്റെയും മനസ്സ് തകർത്തു തരിപ്പണമാക്കുമെന്നാണ് അനുഭവം. അത് വേണ്ടപെട്ടവരെന്നു കരുതുന്നവരുടെ വായിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും. 


'നീ ഈ വീട്ടിലെ അല്ല' 'നിന്നെ കളഞ്ഞു കിട്ടിയതാണ്/തവിടു കൊടുത്തു വാങ്ങിയതാണ് ' എന്നിങ്ങനെയുള്ള പ്രസ്താവനകൾ കേൾക്കേണ്ടി വന്നിട്ടുള്ളവർ ചുരുക്കമല്ല. മിക്കവാറും എല്ലാവരെയും ആദ്യമായി മാനസികമായി തകർത്ത ഒരു പ്രസ്താവന അല്ലെ ഇത്? ആദ്യമൊക്കെ എയ് തമാശയാകും എന്ന് സ്വയം കരുതി, പക്ഷെ അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ അറിയാതെ ഉള്ളതാകാമെന്ന് വിശ്വസിച്ചു തുടങ്ങിയത് മുതൽ അതൊരു കള്ളമായിരുന്നെന്ന് ഉറപ്പാക്കുന്നത് വരെയുള്ള കാലയളവിൽ നമ്മുടെയൊക്കെ കുഞ്ഞു മനസ്സിൽ എത്രത്തോളം നീറ്റലാണ് ഉണ്ടായത്. മറ്റുള്ളവരുടെ ഈ ഒരു തമാശ കാരണം എത്രയോ തവണയാണ് കരയേണ്ടി വന്നിട്ടുള്ളത്. തവിടിന്റെ വിലയോളം ചെറുതാകുന്ന അത്തരം കുത്തുവാക്കുകളും കളിയാക്കലുകളും വെറും തുടക്കം അല്ലെങ്കിൽ മുന്പോട്ടുള്ള യാത്രയിൽ അതിലും കഠിനമായവയെ പരിചയപെടുന്നതിലേക്കുള്ള പരിശീലനം മാത്രമാണെന്ന് അന്ന് നമ്മൾ അറിഞ്ഞിരിക്കില്ല. 


പഴക്കം ചെന്ന് കേടായ റേഡിയോ ഉപയോഗമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പുരപ്പുറത്തു കൊണ്ടിട്ടു അഴിച്ചു പണിത് കളിച്ചതിനു പിന്നീട് ഉണ്ടായ അറിഞ്ഞിട്ടുകൂടിയില്ലാത്ത സകലമാന കേടുപാടുകളുടെയും ഉത്തരവാദിത്തം തലയിൽ വന്നു വീണതും പോരാഞ്ഞിട്ട് "നശിനി" "തൊടുന്നതൊക്ക് നശിപ്പിക്കും" എന്നൊക്കെയുള്ള കുറ്റപ്പെടുത്തലിലും കളിയാക്കലിലും ഇല്ലാതെയായത് എഞ്ചിനീയറോ ടെക്‌നിഷ്യനോ ഒക്കെ ആകണമെന്നുള്ള പലരുടെയും മോഹം ആയിരുന്നിരിക്കണം. "നിന്റെ മുഖമെന്താ ഇങ്ങനിരിക്കുന്നത്" "അയ്യേ എന്ത് ബോറാണ് നിന്നെ കാണാൻ " തുടങ്ങിയ കമെന്റുകൾ തൊട്ട് പലതരം ഇരട്ടപ്പേരുകൾ വരെയുള്ള തമാശകൾ എത്രയോ പേരുടെ ആത്മവിശ്വാസത്തെ തല്ലി കെടുത്തിയിട്ടുണ്ടാകും, എത്രപേരെ അപകർഷതാ ബോധം കൊണ്ട് തന്റെ മുഖം ആരും കാണണ്ടാ എന്ന കരുതി തല കുനിച്ചു നടക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും. മധുരമുള്ള ശബ്ദമെന്ന് സമൂഹം നിശ്ചയിച്ച പോലുള്ള ശബ്ദമോ സംസാര രീതിയോ ഇല്ലാത്തതിന്റെ പേരിൽ കേൾക്കുന്ന കളിയാക്കലുകൾ കൊണ്ട് മൂകരായി പോയവരില്ലേ ഇവിടെ. ചിരട്ട പുരപുറത്തുരക്കുന്ന പോലത്തെ ശബ്ദം, കൊഴഞ്ഞ സംസാരം എന്നൊക്ക കേട്ടു മടുത്തിട്ടെന്നോണം മൗനം വരിച്ചവർ ഉണ്ടാവില്ലേ. മറ്റുള്ളവർ ചാർത്തി തരുന്ന പലവിധം വൈകല്യങ്ങൾ ഇല്ലായിരുന്നിട്ടുകൂടി ഉണ്ടെന്ന് വിശ്വസിച്ചു പോയവർ ആരെങ്കിലും ഒക്കെ കാണില്ലേ. നടത്തത്തിലും സംസാരത്തിലും ഇരുത്തത്തിലും അങ്ങനെ എല്ലാത്തിലും മറ്റുള്ളവരുടെ കളിയാക്കലുകൾ കൊണ്ട് അമിതമായി ശ്രദ്ധചെലുത്തി മെച്ചപ്പെടുത്താൻ ശ്രമിച്ചു ഒടുക്കം ആത്മവിശ്വാസം തകർന്ന് അപകർഷതാബോധത്തിന്റെ ഭാണ്ഡം ചുമക്കുന്ന എത്രയോ പേർ.


ഇഷ്ടവും സ്നേഹവും കൗതുകവും ഒക്കെ ചേരുവകൾക്കൊപ്പം ചേർത്ത കുറെയേറെ സമയം ചിലവിട്ടു കുറെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ പ്രതീക്ഷയോടെ മറ്റുള്ളവർക്ക് മുൻപിൽ വിളമ്പുന്ന ഭക്ഷണത്തിലെ ചെറിയൊരപാകതയെ പറഞ്ഞു പെരുപ്പിച്ചു "വായിൽ വെക്കാൻ കൊള്ളാത്തതു" ആക്കി തീർക്കുമ്പോൾ അത് തകർക്കുന്നത് അമ്മ, അച്ഛൻ, മക്കൾ, ആങ്ങള, പെങ്ങൾ, മകൻ, മകൾ അങ്ങനെ ആരും ആകട്ടെ അവരുടെ അത്രയും നേരത്തെ പ്രയത്നവും അവരുടെ മനസുമല്ലേ. പിറന്നാളുകളും വിശേഷദിവസങ്ങളിലും പല നേട്ടങ്ങളിലും നെട്ടോട്ടമോടിയും തലപുകച്ചും ഒരു നിറപുഞ്ചിരിയും ആഹ്ലാദം നിറഞ്ഞ കണ്ണുകളും മാത്രം പ്രതീക്ഷിച്ചു സമ്മാന പൊതി നീട്ടുമ്പോൾ മുന്നിൽ നെറ്റിചുളിച്ചു നീരസത്തോടെയുള്ള മുഖവും മുഷിഞ്ഞ വാക്കുകളും ഒരു ഹൃദയമല്ലേ തകർതുടക്കുന്നത്. 


വിമർശനങ്ങൾ കൊണ്ടും കളിയാക്കലുകൾ കൊണ്ടും ആരുടെയൊക്കെയോ മനസ്സ് തകർത്തവരല്ലേ നാം എല്ലാവരും. ചെറിയ തെറ്റുകുറ്റങ്ങൾക്കു മുൻപിൽ കണ്ണടച്ചു ഈ വിഭവം കൊള്ളാമല്ലോ അമ്മേ/അച്ഛാ/ചേച്ചി/ചേട്ടാ... എന്ന് പറഞ്ഞിരുന്നെങ്കിലോ, കേൾക്കുന്നവനെ വേദനിപ്പിക്കാത്ത പോലെ തെറ്റ് ചൂണ്ടി കാണിച്ചിരുന്നെങ്കിലോ ഒക്കെ എത്രപേരുടെ ആത്മവിശ്വാസവും സന്തോഷവും നിലനിൽക്കുമായിരുന്നു. 

വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ദുർബലപെടുത്തുന്നവരിൽ നിന്നും അകന്നു നിൽക്കുക, മറ്റുള്ളവരെ താഴ്ത്തികെട്ടിയും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകളെ പൂർണമായും ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി എങ്കിൽ കൂടി അവർ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവരോ ഹൃദയം തന്നെയോ ആകയാൽ എന്ത് ചെയ്യും..? 


                             - ശ്രുതി സുരേന്ദ്രൻ



2021 ജനുവരി 4, തിങ്കളാഴ്‌ച

ആലിബാബ ഇൻ വണ്ടർലാൻഡ് (Alibaba in wonderland) - Book Review

Name : ആലിബാബ ഇൻ വണ്ടർലാൻഡ്

Author : പുനത്തിൽ കുഞ്ഞബ്ദുള്ള


കഴിഞ്ഞ വർഷം വിചാരിച്ചതുപോലെ അധികമൊന്നും വായിക്കാൻ സാധിച്ചില്ല. lockdown വന്നപ്പോ വായനയും നിന്നു. ഈ വർഷം പ്രത്യേകിച്ച് പ്ലാനിങ് ഒന്നുമില്ല. പക്ഷെ കുറെ നാൾ കഴിഞ്ഞു ട്രെയിനിൽ യാത്ര ചെയ്തപ്പോ ഇന്ന് ഒരു ബുക്ക്‌ വായിച്ചാലോ എന്നൊരു ചിന്ത മനസിലേക്ക് വന്നു. ആഹ് നല്ലൊരു കാര്യമല്ലേ, അങ്ങനെ തന്നെ ചെയ്തേക്കാമെന്നു ഞാനും കരുതി. കയ്യിൽ ഇതുവരെ വായിക്കാത്ത പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ആലിബാബ ഇൻ വണ്ടർലാൻഡ് ഉം ഒരിക്കൽ വായിച്ചു പകുതിക്കു നിർത്തിയ അമിതവ് ഘോഷിന്റെ countdown ഉം ഉണ്ട്. രണ്ടും ലൈബ്രറിയിൽ നിന്ന് എടുത്തതാണ്. പുതിയ വർഷമല്ലേ വായിക്കാത്തത് തന്നെ ആവമെന്നു കരുതി ആലിബാബ ഇൻ വണ്ടർലാൻഡ് തന്നെ എടുത്തു.

ഒലിവ് പബ്ലിക്കേഷൻസ് 2009 ൽ പ്രസിദ്ധീകരിച്ച 114 പേജുകൾ ഉള്ള യാത്രാവിവരണമാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ആലിബാബ ഇൻ വണ്ടർലാൻഡ്. അമേരിക്കൻ യാത്രാവിവരണവും ഒപ്പം കൊൽക്കത്തയിലേക്കും ആത്മീയതയിലേക്കുമുള്ള സഞ്ചരങ്ങളും ചേർന്നതാണ് പുസ്തകം. യാത്രാവിവരണത്തിനുപരി ആ നാട്ടിലെ ജീവിതത്തെയും മികച്ച രീതിയിൽ വിവരിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളാണ് പുസ്തകത്തിൽ. ആദ്യ ഭാഗം വ്യത്യസ്ത ശൈലിയോടെ രസകരമാണെങ്കിലും രണ്ടാം ഭാഗം കുറച്ചധികം വിരസം ആയി തോന്നി. എങ്കിലും രണ്ട് രണ്ടര മണിക്കൂർ കൊണ്ട് ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ സാധിച്ചു.


Rating : 2.7/5


           - ശ്രുതി സുരേന്ദ്രൻ.



2020 മേയ് 29, വെള്ളിയാഴ്‌ച

നാലു കടൽരാജ്യങ്ങൾ - ബൈജു എൻ നായർ (Nalu Kadal rajyangal - Baiju N Nair) Book Review

*Book review*
പുസ്തകം : നാലു കടൽരാജ്യങ്ങൾ 

ബൈജു എൻ നായർ എഴുതിയ യാത്രാവിവരണം ആണ് "നാലു കടൽരാജ്യങ്ങൾ". 2010 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ ആദ്യത്തെ യാത്രാവിവരണമാണ്. 

ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ നാലു രാജ്യങ്ങളിൽ അദ്ദേഹം നടത്തിയ യാത്രകളുടെ വിവരണങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. 139 പേജ് ഉള്ള ബുക്കിൽ പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ആദ്യത്തെ 110 പേജ് ഉള്ള ഭാഗം യാത്രാ വിവരണവും, 24 പേജ് ഉള്ള രണ്ടാം ഭാഗം യാത്ര ചെയ്യാൻ എന്തൊക്കെ മുൻ ഒരുക്കങ്ങൾ വേണമെന്നും യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ്. 

3-4 മണിക്കൂർ മതി ബുക്ക്‌ വായിച്ചു തീർക്കാൻ. പക്ഷെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുമോ എന്ന് സംശയമാണ് (എനിക്ക് കഴിഞ്ഞില്ല ). ബുക്കിന്റെ ആദ്യഭാഗം കുറെ ഒക്കെ മടുപ്പിക്കുന്നുണ്ട്, ചിലപ്പോൾ അദ്ദേഹത്തിന്റെ ആദ്യത്തെ എഴുത്തിലെ പരിചയ കുറവാകാം കാരണം. നാലു രാജ്യങ്ങളിലെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആണ് ബുക്കിൽ ഉള്ളത്, എല്ലാം ട്രാവൽ വീഡിയോകളിൽ കണ്ടിട്ടുള്ളത് കൊണ്ടും പുതുമയൊന്നും ഇല്ലാത്തതും വായനയുടെ രസം കളഞ്ഞു. രണ്ടാം ഭാഗം 10 വർഷം മുൻപ് എഴുതിയതാണെങ്കിലും ഇന്നും ഉപകാരപ്പെടും.

ബുക്കിൽ പറഞ്ഞിട്ടുള്ള നാലു രാജ്യങ്ങളിലെക്ക് യാത്ര ചെയ്യാൻ വേണ്ട വിവരങ്ങൾക്ക് ഈ ബുക്കിന്റെ അവസാന 24 പേജ് ഉപകരിക്കും എന്നതിന് അപ്പുറം ഈ ബുക്ക്‌ കാര്യമായി ഒന്നും ഇല്ലെന്ന് തന്നെ പറയാം. 

Rating : 2.5/5

-ശ്രുതി സുരേന്ദ്രൻ.

2020 മേയ് 25, തിങ്കളാഴ്‌ച

ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത (I Am Nujood Age 10 Divorced ). Book Review

Book review

പുസ്തകം : ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത (I Am Nujood Age 10 Divorced ).

നുജൂദ് അലിയും ഡെൽഫിൻ മിനോയിയും ചേർന്നെഴുതിയ നുജൂദ് അലിയുടെ ആത്മകഥയാണ് "ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത ". 2009 ജനുവരിയിൽ ആണ് ഈ പുസ്തകം പ്രസിദ്ധികരിച്ചതു.
വിവർത്തനം : രമ മേനോൻ 

മുൻപ് കേട്ടിട്ടുണ്ടായിരുന്നു എങ്കിൽ കൂടി ഈ പുസ്തകം വായിക്കണം എന്ന അതിയായ ആഗ്രഹത്തിലേക്ക് എത്തിച്ചത് Reader's circle എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ഈ പുസ്തകത്തെപ്പറ്റി വായിച്ച ഒരു റിവ്യൂ ആണ്, . കോളേജ് ലൈബ്രറിയിൽ നിന്നും വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ പുസ്തകം എനിക്ക് കയ്യിൽ കിട്ടിയത്. 145 പേജുള്ള ആത്മകഥ വായിക്കാൻ 3 മണിക്കൂറേ വേണ്ടി വന്നോളു. 

മുൻപ് ഒരുപാട് ബുക്കുകൾ വായിച്ചിട്ടുണ്ട്, അതിൽ പലതും ഒരുപാട് വിഷമിപ്പിച്ചിട്ടുമുണ്ട്. പക്ഷെ ഇന്നേ വരെ വായിച്ചതിൽ മറ്റൊരു ബുക്കും എന്നെ ഇത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവില്ല, തീർച്ച.! എനിക്ക് മാത്രമാവില്ല നുജൂദിന്റെ ജീവിതം വായിച്ച ഏതൊരാളുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാവണം. 2008 ൽ ഒൻപതോ കൂടിയാൽ പത്തോ വയസ്സുള്ള ഒരു പെൺകുട്ടി, അക്കാലത്ത് അത്ര തന്നെ വയസ്സുണ്ടായിരുന്ന ഞാൻ ഇവിടെ കളിച്ചു ചിരിച്ചു നടന്ന കാലത്ത് ലോകത്തിന്റെ മറ്റൊരു കോണിൽ വിവാഹമോചനത്തിനായി പോരാടിയിരുന്നു എന്നോർക്കുമ്പോൾ അത്ഭുതമല്ല ശരിക്കും ഒരുതരം ഭയവും അറപ്പുമാണ് തോന്നുന്നത്. നുജൂദ് ഒരു വിപ്ലവമാണ്,  10 വയസ്സിൽ വിവാഹമോചനം നേടുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പെൺകുട്ടി, അതിലുപരി ക്രൂരതകളിൽ നിന്നും രക്ഷപെടാൻ അവളെ പോലെയുള്ള മറ്റു പല കുരുന്നുകൾക്കും പ്രചോദനമായവൾ. 

പത്തു വയസ്സ് തികച്ചില്ലാത്ത പ്രായത്തിൽ പിതാവിന്റെ നിർബന്ധപ്രകാരം തന്നെക്കാൾ മൂന്നിരട്ടിയിൽ അധികം പ്രായമുള്ള ഒരാളോട്, അവളുടെ വാക്കുകളിൽ പറഞ്ഞാൽ ക്രൂരനായ ആ ജന്തുവിനോട് വിവാഹിതയാകേണ്ടി വന്ന പെൺകുട്ടിയാണ് നുജൂദ്. വിവാഹമെന്നാൽ തേങ്ങ മിട്ടായിയും രുചിയുള്ള വിഭവങ്ങളും പാട്ടും നൃത്തവുമാണെന്നു കരുതിയ, വിവാഹം എന്തിനാണെന്ന് പോലും അറിയാത്ത ആ പാവം രാത്രികളിൽ വാതിൽ തള്ളി തുറന്നു വന്നു വിളക്ക് തട്ടി തെറിപ്പിച്ചു അവളിലേക്ക് ബലമായി ഞെരിഞ്ഞമരുന്ന അവളുടെ ഭർത്താവെന്ന ആ നികൃഷ്ട ജീവിയിൽ നിന്നു എങ്ങനെയും രക്ഷപെടണമെന്ന ചിന്തയാണ് അവളെ ആ ചെറു പ്രായത്തിലും ഒറ്റയ്ക്ക് പോരാടാൻ പ്രേരിപ്പിക്കുന്നത്. പത്തുവയസുള്ളപ്പോൾ ദിവസവും ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്ന കൗമാരം പോലുമെത്താത്ത ഒരു കുട്ടിയുടെ അവസ്ഥ എത്രത്തോളം ദയനീയവും ഭയാനകവുമായിരുന്നിരിക്കാമെന്നു ആ പ്രായത്തിൽ നമ്മുടെ  മാനസികാവസ്ഥയും ജീവിതരീതിയും വെച്ചു താരതമ്യം ചെയ്താൽ മനസിലാക്കാവുന്നതേ ഒള്ളു. അയാൾക്കു എങ്ങനെ അവളോട് അത്ര ക്രൂരമായി പെരുമാറാൻ കഴിഞ്ഞു? വിവാഹം കഴിഞ്ഞ പിറ്റെന്നാൾ രാത്രിയിൽ "എന്നെ ഉപദ്രവിക്കരുതേ" എന്ന് നിലവിളിച്ചു അവൾ വീടിനു ചുറ്റും ഓടിയിട്ടും മനസ്സലിവ് തോന്നാത്ത ആ ദുഷ്ടൻ മൃഗത്തേക്കാൾ നികൃഷ്ടനാണ്. പ്രവാചകനായ നബി ആയിഷയെ വിവാഹം ചെയ്യുമ്പോൾ ആയിഷക്ക് 9 വയസ്സേ ഉണ്ടായിരുന്നുള്ളെന്ന വാദം പറഞ്ഞു അവളെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച അവളുടെ അബ്ബു, പിന്നീട് താൻ അനുഭവിക്കുന്ന പീഡനങ്ങൾ തുറന്നു പറഞ്ഞു തനിക്കു വിവാഹമോചനം വേണമെന്ന് അവൾ കേണപേക്ഷിച്ചിട്ടും, കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാതിരിക്കാൻ അവൾ തിരികെ പോകണമെന്ന് തീരുമാനമെടുത്ത ആ മനുഷ്യനോട് തോന്നുന്നത് ഒരുതരം അറപ്പാണ്. ദുർഭാഗ്യകരം എന്ന് തന്നെ പറയട്ടെ നുജൂദിന്റെ രാജ്യമായ യമനിലും സൗദി അറേബ്യ പോലുള്ള മറ്റു രാജ്യങ്ങളിലും നുജൂദിനെ പോലെ പത്തും പതിമൂന്നും വയസ്സിൽ വിവാഹത്തിന് നിർബന്ധിതരായി കൊടും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ ഒരുപാടാണ്. നുജൂദിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വിവാഹമോചനത്തിന് മുതിർന്ന യമനിലെ 10 ഉം 13 ഉം വയസുള്ള രണ്ടു പെൺകുട്ടികളും സൗദിയിൽ നാല്പത്തഞ്ചിൽ അധികം പ്രായമുള്ള ആളിൽ നിന്നും വിവാഹമോചനം നേടിയ 8 വയസ്സുകാരിയും അതിനു തെളിവാണ്. 

അതെ നുജൂദ് ഒരു വിപ്ലവമാണ്, കൗമാരത്തിനു മുൻപേ കന്യകത്വം നഷ്ടപെട്ടതിനു അമ്മായിയമ്മയിൽ നിന്നും കേട്ട അറപ്പുളവാക്കിയ,  ഭയപ്പെടുത്തിയ 'മുബാറക്ക'(അഭിനന്ദനങ്ങൾ) എന്ന അതെ വാക്ക് പൊരുതി ജയിച്ചപ്പോൾ ലോകം മുഴുവനും ഉരുവിടുന്നത് അഭിമാനത്തോടെ കേട്ടു നിന്നവൾ (ധീര വിപ്ലവകാരിയെന്നു ലോകം അംഗീകരിച്ച ആ പെൺകുട്ടി പക്ഷെ തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കണ്ണിൽ പിന്നീടും അവർക്ക് അപമാനമേൽപ്പിച്ചവളായിരുന്നു എന്നത് ദുഖകരമാണ്).

എല്ലാവരും തീർച്ചയായും വായിക്കണം. വെറുമൊരു അത്മകഥയല്ല, ചിലപ്പോൾ ഇന്നും ലോകത്തിന്റെ ഏതെങ്കിലുമൊക്ക് കോണിൽ നിലനിൽക്കുന്നുണ്ടാവുന്ന പ്രകൃതമായൊരു ശൈശവവിവാഹം എന്ന ആചാരത്തിന്റെ ഭീകരത എത്രത്തോളമാണെന്നു തുറന്നു കാട്ടുന്നൊരു പുസ്തകമാണ് "ഞാൻ നുജൂദ് വയസ്സ് 10 വിവാഹമോചിത. 

Rating : 5 ൽ 5 അല്ലെങ്കിൽ 10 ൽ 10 കൊടുക്കുന്നതിലും ഒരുപാട് മടങ്ങാണ് ഈ പുസ്തകം. 

Nb: ഇന്ന് നുജൂദ് എവിടെയാണ് എന്ന് ആകാംഷയോടെ ഞാൻ അറിയാൻ ശ്രമിച്ചു, 2008 ൽ ന്യൂയോർക് ടൈംസ് മികച്ച വനിതയായി തിരഞ്ഞെടുത്ത, പഠിച്ചു ഒരു അഭിഭാഷക ആയി തന്റെ ജീവിതത്തിൽ താങ്ങായി നിന്ന ഷാദാ നാസറിനെ പോലെ, തന്റേതു പോലെ യാതനകൾ സഹിക്കേണ്ടി വരുന്ന ഒരുപാട് പെൺകുട്ടികൾക്കു താങ്ങാകണമെന്നു സ്വപ്നം കണ്ട ആ കുട്ടിക്ക് ആഗ്രഹിച്ച പോലെ പഠിക്കാൻ കഴിഞ്ഞില്ല, 2014 ൽ വിവാഹിത ആയി. അതിനു ശേഷമുള്ള മറ്റൊരു വിവരവും ലഭ്യമല്ല.

-ശ്രുതി സുരേന്ദ്രൻ

2020 മേയ് 24, ഞായറാഴ്‌ച

റോബിൻസൺ ക്രൂസോ - ഡാനിയൽ ഡിഫോ (Robinson Crusoe - daniel difo) Book Review

Book Review 

പുസ്തകം : റോബിൻസൺ ക്രൂസോ 

ഡാനിയൽ ഡിഫോ എഴുതിയ ഒരു ഇംഗ്ലീഷ് നോവൽ ആണ് 'റോബിൻസൺ ക്രൂസോ'. മലയാളത്തിലേക്ക് ഈ കൃതി വിവർത്തനം ചെയ്തത് കെ പി ബാലചന്ദ്രൻ. 

ഈ നോവലിന്റെ പല ഭാഗങ്ങളും പലപ്പോഴായി എവിടെയൊക്കെയോ മുൻപ് വായിച്ചിട്ടുണ്ട്. ഇതൊരു ഭാഗികമായ പുനർവായനയാണ്. ഭാവിയിൽ വായിക്കാൻ ലിസ്റ്റ് ചെയ്തു വെച്ച ഒരു ബുക്ക്‌ ആയിരുന്നില്ല, കോളേജ്  ലൈബ്രറിയിൽ  കണ്ടപ്പോൾ വായിക്കണമെന്ന് തോന്നി എടുത്തതാണ്. അവിടേം ഇവിടേം ഉള്ള കുറെ ഭാഗങ്ങൾ മുൻപ് വായിച്ചിട്ടുണ്ടെങ്കിലും അത് ആസ്വാദനത്തെ ബാധിക്കുകയോ ബോറടിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. രണ്ട് സമയത്തായി ആറ് മണിക്കൂർ കൊണ്ടു 176 പേജുകൾ ഉള്ള ഈ നോവൽ വായിച്ചു തീർക്കാൻ എനിക്ക് സാധിച്ചു (ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാവുന്ന ബുക്ക്‌ ആണ് ).

ഒരു സാങ്കൽപ്പിക കഥയെയും കഥാപാത്രത്തെയും യഥാർത്ഥമാണെന്നു തോന്നിപ്പിക്കുന്ന മനോഹരമായ ഒരു നോവലാണ് 'റോബിൻസൺ ക്രൂസോ'. ഒരു സാങ്കൽപ്പിക കഥയാണെന്ന് മുൻകൂട്ടി അറിഞ്ഞു  വായിച്ചിട്ടുപോലും വായിക്കുന്ന നേരത്തു ഒരു സാങ്കൽപ്പികത എവിടെയും അനുഭവപെട്ടില്ല, ശരിക്കുമുള്ള ഒരാളുടെ യാത്രാനുഭവം അല്ലെങ്കിൽ ആത്മകഥയെന്നവണ്ണം വിശ്വസനീയം . വാസ്തവം അറിയാതെ വായിക്കുന്ന ഒരാൾ ഇത് ശരിക്കുള്ള കഥയാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്.

സഹായത്തിനോ ഉപദ്രവത്തിനോ ആരുമില്ലാത്തൊരു ദ്വീപിൽ ഒറ്റപ്പെട്ടുപോയ ഒരു നാവികൻ, അയാൾ അവിടെ എത്തിപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളും, അവിടെ കഴിച്ചുകൂട്ടിയ നാളുകളും, അതിനിടയിൽ അവിടെ നിന്നും 'മോചനം' ലഭിക്കാൻ അയാൾ നടത്തിയ ശ്രമങ്ങളും എല്ലാം വളരെ മികച്ച രീതിയിൽ നോവലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരാളുടെ വീഴ്ചയും ഉയർച്ചയും, ആ ഓരോ അവസ്ഥകളിലേക്കും അയാൾ എത്തിപ്പെട്ട കാരണങ്ങളും നോവലിൽ കാണാം. ഒരു മനുഷ്യന്റെ ലക്ഷ്യങ്ങളും മോഹങ്ങളും അവസാനിക്കാതെ എന്നും പെരുകിക്കൊണ്ടിരിക്കുമെന്ന് നോവലിൽ നിന്നും വ്യക്തമാണ്, ആഗ്രഹിച്ച ഒന്ന് നേടിയാൽ അയാൾ അതിനെ മികച്ചതാക്കാനോ അതിലും വലിയ മറ്റൊരു ലക്ഷ്യം കണ്ടെത്തി അത് നേടിയെടുക്കാനോ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരുപാട് നല്ല ഗുണപാഠങ്ങൾ നോവലിലുണ്ട്.  മനഃശാസ്ത്രത്തിന്റെ ഫലപ്രദമായ ഉപയോഗം കൊണ്ടും മികച്ച അവതരണ ശൈലി കൊണ്ടും അവ മനസിലാക്കാനും ഉൾകൊള്ളാനും ഒരു ബുദ്ധിമുട്ടും തോന്നില്ല. എല്ലാം കൊണ്ടും നല്ലൊരു വായനാനുഭവം തന്നെയാണ് 'റോബിൻസൺ ക്രൂസോ' സമ്മാനിക്കുന്നത്. 

നല്ല രീതിയിൽ തന്നെ വിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും മുൻപ് വായിച്ചിട്ടുള്ളത് ഇംഗ്ലീഷ് പതിപ്പ് ആയിരുന്നതുകൊണ്ടാകാം, മലയാളം പരിഭാഷയേക്കാൾ ഇംഗ്ലീഷ് പതിപ്പ് വായിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്ന് തോന്നി. 

Rating : 4/5

Nb: എന്റെ വായനാനുഭവത്തിൽ തോന്നിയ അഭിപ്രായമാണ്,  മറ്റൊരാളുടെ ആസ്വാദനരീതിയും അഭിപ്രായവും മറ്റൊന്നാവാം. 

            -ശ്രുതി സുരേന്ദ്രൻ

2020 മേയ് 23, ശനിയാഴ്‌ച

നൂറു സിംഹാസനങ്ങൾ - ജയമോഹൻ (Noorusimhasanangal - Jayamohan) Book Review

നൂറു സിംഹാസനങ്ങൾ - ജയമോഹൻ

"അവൻ എന്ത് തന്നെ തെറ്റ് ചെയ്താലും ന്യായം അവന്റെ ഭാഗത്തായിരിക്കും" ടൈംലൈനിൽ കൂടി ഓരോന്ന് വായിച്ചു പോയ കൂട്ടത്തിൽ കണ്ട വരികളാണ്. കണ്ടപ്പോഴേ ആകാംഷ കൊണ്ട് ആ ലേഖനം എടുത്തു വായിച്ചു.
"നിങ്ങൾക്ക് മുൻപിൽ ഒരു നായാടിയും മറ്റൊരാളും നീതിക്ക് വേണ്ടി വന്നാൽ നിങ്ങൾ ആർക്കനുകൂലമായി തീരുമാനമെടുക്കും " "തീർച്ചയായും നായാടിയുടെ ഭാഗത്താവും ന്യായം." "അയാളൊരു കൊലപാതകി ആണെങ്കിലോ?" "അവൻ എന്ത് തന്നെ കുറ്റം ചെയ്താലും ന്യായം അവന്റെ ഭാഗത്തായിരിക്കും." (വരികൾ കൃത്യമല്ല ) ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ എന്ന കൃതിയിലെ ഈ ഭാഗമായിരുന്നു പ്രസ്തുത ലേഖനത്തിൽ ഉണ്ടായിരുന്നത്. വായിച്ചപ്പോൾ വല്ലാത്തൊരു കൗതുകം തോന്നി. അങ്ങനെയാണ് സുമനോട്‌ (Suman നന്ദിയുണ്ട് ) ഈ ബുക്ക്‌ ആവിശ്യപ്പെടുന്നത്. ചോദിച്ചു ഏകദേശം മൂന്ന് നാല് ആഴ്ചക്കുള്ളിൽ പുസ്തകം കയ്യിൽ കിട്ടി.

ഒറ്റ ഇരിപ്പിൽ രണ്ടോ മൂന്നോ മണിക്കുറുകൾ കൊണ്ട് വായിച്ചു തീർക്കാവുന്ന 80 ൽ താഴെ പേജുകൾ ഉള്ള ഒരു കുഞ്ഞു നോവൽ ആണ് ജയമോഹന്റെ നൂറു സിംഹാസനങ്ങൾ. പക്ഷെ കുറച്ചു സമയം കൊണ്ട് വായിച്ചു തീർക്കാവുന്ന ഈ കുഞ്ഞു നോവൽ ഒരുപാട് ചിന്തിപ്പിക്കാനും കഴിയുന്ന കുറെ ഏറെ നേരം ഉള്ളു നോവിക്കാനും കഴിവുള്ള മൂർച്ചയുള്ള വാക്കുകൾകൊണ്ട് തീർത്ത ഒരു മരകായുധമാണ്...!

മേൽ പറഞ്ഞ ഭാഗം മാത്രം വായിച്ചാൽ, പൂർണമായി ഒരു പക്ഷപാതപരമായ ഒരു കാഴ്ചപ്പാടല്ലേ ഇതെന്നും, എന്ത് തെറ്റ് ചെയ്താലും ഒരാളെ ന്യായീകരിക്കാൻ കഴിയുന്നത് നീതി നിഷേധം അല്ലെ എന്നുമൊക്ക ചിന്തിക്കാൻ ഇടവരുത്തും. പക്ഷെ ഈ നോവൽ മുഴുവൻ വായിച്ചു തീർക്കുമ്പോൾ ആ വരികൾക്കു പൂർണപിന്തുണ നൽകുകയെ നിവൃത്തിയുള്ളു, ശരി അതാണെന്ന് നമ്മൾ സമ്മതിച്ചേ മതിയാവു.

നൂറു സിംഹാസനങ്ങൾ ഒരു കെട്ടുകഥയല്ല, നാം ജീവിക്കുന്ന ഈ സമൂഹത്തിൽ നടന്നിരുന്ന ഒരു പരിധി വരെ ഇന്നും നിലനിൽക്കുന്ന ജാതി വിവേചനത്തിന്റെ ഒരുപക്ഷെ നമ്മളിൽ പലരും കാണാത്ത അറിയാത്ത വേറിട്ടൊരു നേർചിത്രമാണ്. നായാടി വിഭാഗത്തിൽ നിന്നും IAS പദവിയിൽ എത്തിയ ധർമ്മപാലൻ എന്ന വ്യക്തിയിലൂടെ ഒരു സമൂഹം അനുഭവിച്ച ക്രൂരതകളും യാതനകളും വായനക്കാരനിൽ എത്തിക്കാൻ ജയമോഹന് നൂറു സിംഹാസനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. ഒരു നായാടി എത്ര വല്യ തെറ്റ് ചെയ്താലും അവൻ നിരപരാധിയാണ് എന്നത് വ്യകതമായ തെളിവുകളോടെയാണ് നോവലിൽ പ്രതിപാദിക്കുന്നത്. ഉന്നതങ്ങളിൽ എത്തിയിട്ടും ഒന്നുമല്ലാത്ത ഒരുവനാകേണ്ടി വരുന്ന ധർമപാലന്റെ നിസ്സഹായാവസ്ഥയും, ഈ സമൂഹത്തിനോട് ഒരു വിധത്തിലും ചേരാത്ത ജീവിയായി ജീവിക്കുന്ന അയാളുടെ അമ്മയും, "ഞാൻ ഒരു പരിധി വരെ പുരോഗമന ചിന്താഗതിയിൽ ജീവിക്കുന്ന ഒരാളാണ്, നിങ്ങൾ എന്റെ വീട്ടിൽ വന്നു എന്റെ മകളെ പെണ്ണ് ചോദിക്കുന്ന നിമിഷം വരെ" എന്ന് നമ്മുടെ സമൂഹത്തിൽ ഇന്നും ജീവിച്ചു പോകുന്ന ബഹുഭൂരിപക്ഷം ആളുകളെയും പ്രതിനിധാനം ചെയ്യുന്ന, താഴ്ന്ന ജാതിയിൽ (ആ കഥാപാത്രത്തെ സംബന്ധിച്ചു മാത്രം) നിന്നും പൊരുതി ഇത്രത്തോളം എത്തിയ ധർമ്മപാലനോട് സഹാനുഭൂതി കാട്ടുന്ന ആ IAS ഓഫീസറുമൊക്കെ ജയമോഹന്റെ തൂലികയിൽ ജനിച്ച കഥാപാത്രങ്ങൾ മാത്രമല്ല. ധർമപാലൻ വിദ്യാസമ്പന്നനാണ്, ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുന്ന സിംഹാസന തുല്യമായ ഒരു സ്ഥാനത്തിന്റെ അധിപനാണ്, പക്ഷെ ഒടുവിൽ വളരെ ഏറെ ശ്രമങ്ങൾക്കൊടുവിലും അയാൾ ഈ സമൂഹത്തിൽ തനിക്ക് ഈ ഒരു സിംഹാസനമല്ല മറിച്ചു നൂറു സിംഹാസനങ്ങൾ തന്നെ കിട്ടിയാലും താൻ ഒരിക്കലും ശക്തനാകില്ല, എത്രത്തോളം ഉയര്ന്നുവോ അത്രത്തോളം തന്നെ ഈ സമൂഹം തന്നെ ചവിട്ടി താഴ്ത്തും എന്ന തിരിച്ചവിലേക്കാണ് എത്തപെടുന്നത്.

ജയമോഹന്റെ നൂറു സിംഹാസനങ്ങൾ നമുക്ക് സ്വയം വിലയിരുത്താനും നമ്മുടെ ഉള്ളിലെ കപട പുരോഗമനവാദിയെ തിരിച്ചറിയാനുമുള്ളൊരു മാർഗമാണ്. ഒന്ന് ഉറപ്പാണ് വായിച്ചു തീരുമ്പോൾ ഉള്ളിലൊരു നീറ്റലെങ്കിലും ബാക്കിയാവാതെ പോവില്ല. നമുക്കുമുന്നിൽ നാം കാണാത്ത കണ്ടില്ലെന്ന് നടിക്കുന്ന അന്ധകാരനിബിഢമായ വാസ്തവമാണ്, അതുകൊണ്ട് തന്നെ  ഏതൊരാളും വായിച്ചിരിക്കേണ്ട കൃതികളിൽ ഒന്നാണ് നൂറു സിംഹാസനങ്ങൾ.

                                  - ശ്രുതി സുരേന്ദ്രൻ

മഞ്ഞവെയിൽ മരണങ്ങൾ - ബെന്യാമിൻ (manjaveyil maranangal -benyamin ) Review

മഞ്ഞവെയിൽ മരണങ്ങൾ...

വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ഒരുപാട് നാളത്തെ കാത്തിരിപ്പിനും തിരച്ചിലിനും ഒടുവിലാണ് ഈ പുസ്തകം കയ്യിൽ കിട്ടിയത്, ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ. വായിച്ചു കഴിഞ്ഞിട്ട് നാള് കുറേ ആയെങ്കിലും ഈ പുസ്തകത്തിനെപ്പറ്റി കുറെ ഏറെ വരികൾ മനസ്സിൽ മായാതെ കിടക്കുന്നത് കൊണ്ട്,  അത് എടുത്തിങ്ങ് എഴുതിക്കളായാം എന്ന്‌ വെച്ചു.

സ്കൂളിൽ മാഗസിൻ പ്രകാശനത്തിന് ശ്രീ ബെന്യാമിൻ വന്നപ്പോൾ അദ്ദേഹത്തോട് സംവദിക്കാൻ എല്ലാർക്കും ഒരു അവസരമെന്നോണം ഒരു ചെറിയ interactive section കൂടി ആ ചടങ്ങിന് ശേഷം ഉൾപ്പെടുത്തിയിരുന്നു. അന്ന് ആടുജീവിതം വായിച്ചു പുള്ളിടെ കട്ട ഫാൻ ആയ ഞാനും അതിന് കേറി ഇരുന്നു. അന്ന് സംസാരിച്ച കൂട്ടത്തിൽ ശ്രീദേവി ടീച്ചർ  ഈ പുസ്തകത്തെ പറ്റി സംസാരിച്ചപ്പോഴാണ് ഇങ്ങനൊരു പുസ്തകം ഉണ്ടെന്ന് അറിയുന്നത്. ടീച്ചറിന്റെ വിവരണത്തിൽ നിന്ന് അത് വായിക്കണമെന്നൊരു ആഗ്രഹം തോന്നിയതും അപ്പോഴാണ്. പിന്നീട് സ്കൂൾ, കോളേജ്, പബ്ലിക്  ലൈബ്രറികളിലും അറിയുന്ന പലരോടും പുസ്തകത്തെ പറ്റി അന്വേഷിച്ചിട്ടും അത് കിട്ടിയില്ല. അങ്ങനിരിക്കെ ഓൺലൈനിൽ ഒന്ന് തപ്പി നോക്കിയപ്പോൾ സംഭവം അവിടുണ്ട്, പക്ഷെ എനിക്ക് സ്ഥിരം സംഭവിക്കാറുള്ളത് പോലെ പൈസ ഓക്ക് അറേഞ്ച് ചെയ്ത് ഓർഡർ ചെയ്യാൻ നോക്കുമ്പോ സംഭവം sold out ആയി. പിന്നീട് അവിചാരിതമായി മറ്റെന്തോ വിഷയം സംസാരിച്ചിരിക്കെ ആണ് ഈ ബുക്ക്‌ സുമന്റെ കയ്യിൽ ഉണ്ടെന്നും, തരാമെന്നും പറയുന്നത്. പുള്ളി പറഞ്ഞു രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ബുക്ക്‌  കയ്യിൽ കൊണ്ട് തന്നു. ഏറെ നാളത്തെ ഒരാഗ്രഹം സഫലമാക്കാൻ സഹായിച്ച സുമനോടുള്ള (Suman Nilambur) നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.

ഇനി പുസ്തകത്തെ പറ്റി...
300 പേജുകളോളം ഉള്ള നിഗുഢതകളിലൂടെയുള്ള യാത്രയാണ് ഈ നോവൽ. അന്ത്രപ്പേർ എന്ന എഴുത്തുകാരനിലൂടെ ഡീഗോ ഗാർഷ്യയും കേരളവും തമിഴ്‌നാടും ഉൾകൊള്ളിച്ചു നീങ്ങുന്ന കഥ അവസാനിക്കുന്നതും നിഗുഢമായി തന്നെ  വായനക്കാരനിൽ കുറെ ഏറെ ചോദ്യങ്ങൾ ബാക്കിയാക്കിയാണ്. അത് കൊണ്ട് ഈ നോവലിൽ കഥ അവസാനിപ്പിക്കുകയല്ല മറിച്ചു ബാക്കി എന്താണെന്ന് നിശ്ചയിക്കാനുള്ള അവകാശം വായനക്കാരന് വിട്ടു നൽകി കഥ നിർത്തിവെക്കുകയാണ് എഴുത്തുകാരൻ ചെയ്തതെന്ന് പറയാം.

ഓരോ സ്ഥലങ്ങളുടെ വിവരണങ്ങളും, ചരിത്ര വിവരങ്ങളും, അടിക്കടിയുള്ള വർത്തമാന കാലത്തു നിന്നും ഭൂതകാലത്തേക്കുള്ള യാത്രയും തിരിച്ചു പോക്കും വളരെ ഭംഗിയായി സംയോജിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ഡീഗോ ഗാർഷ്യ എന്ന ദ്വീപിന്റെത് ഉൾപ്പടെയുള്ള സ്ഥലങ്ങളുടെ വിവരണങ്ങൾ വളരെ മികവുറ്റതാണ്. വായനക്കാരന്  അക്ഷരങ്ങളിലൂടെ അവിടെക്കെല്ലാം യാത്രചെയ്യാൻ സാധിക്കും. കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ നിഗുഢതകൾ കൊണ്ടും എഴുത്തിന്റെ ശൈലി കൊണ്ടും വായനക്കാരനെ പിടിച്ചിരുത്താൻ ഈ നോവലിന് സാധിക്കും. പക്ഷെ നിഗുഢതകളും പല ചോദ്യകളും ബാക്കി വെച്ച് നോവൽ അവസാനിപ്പിച്ചത് വായനക്കാരന്റെ അഭിരുചിക്കനുസരിച്ചു നോവലിനെ മൊത്തത്തിൽ ബാധിക്കാം.

ലളിതമായ ഭാഷയും മികച്ച അവതരണ ശൈലിയും ക്രമീകരണവും, തുടക്കം മുതൽ ഒടുക്കം വരെ മടുപ്പിക്കാത്ത കഥാതന്തുവും കൊണ്ട് ഒരു വായനക്കാരനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന നല്ലൊരു നോവൽ എന്ന് മഞ്ഞവെയിൽ മരണത്തെ വിശേഷിപ്പിക്കാം. കൃത്യമായി കഥക്കൊരു അവസാനം കൊടുക്കാൻ സാധിക്കാത്തത് ഒഴിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ ഒട്ടും ചോർന്നു പോകാതെ വായനക്കാരനെ പിടിച്ചിരുത്താൻ ഈ നോവലിലൂടെ ബെന്യാമിൻ വിജയിച്ചു എന്ന് പറയാം.

- ശ്രുതി സുരേന്ദ്രൻ