കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും ഒരാളെ മാനസികമായി തളർത്താൻ കഴിയുന്ന ഒരായുധമാണ്, കാര്യമായും തമാശയായും അത് പ്രയോഗിക്കാം. എങ്ങനെ ഉപയോഗിച്ചാലും ഫലം ഏകദേശം ഒരുപോലെ തന്നെ.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നമ്മളെ അത് ബാധിക്കേണ്ടതുണ്ടോ? ഇല്ലെന്ന് പറയാൻ ആഗ്രഹമുണ്ട് പക്ഷെ ഒരു മനുഷ്യന്റെ മാനസിക സ്വഭാവം അനുസരിച്ചു പരിധിയിൽ കവിഞ്ഞ നെഗറ്റീവ് കമെന്റുകൾ എത്ര മനക്കട്ടി ഉള്ളവന്റെയും മനസ്സ് തകർത്തു തരിപ്പണമാക്കുമെന്നാണ് അനുഭവം. അത് വേണ്ടപെട്ടവരെന്നു കരുതുന്നവരുടെ വായിൽ നിന്നാകുമ്പോൾ പ്രത്യേകിച്ചും.
'നീ ഈ വീട്ടിലെ അല്ല' 'നിന്നെ കളഞ്ഞു കിട്ടിയതാണ്/തവിടു കൊടുത്തു വാങ്ങിയതാണ് ' എന്നിങ്ങനെയുള്ള പ്രസ്താവനകൾ കേൾക്കേണ്ടി വന്നിട്ടുള്ളവർ ചുരുക്കമല്ല. മിക്കവാറും എല്ലാവരെയും ആദ്യമായി മാനസികമായി തകർത്ത ഒരു പ്രസ്താവന അല്ലെ ഇത്? ആദ്യമൊക്കെ എയ് തമാശയാകും എന്ന് സ്വയം കരുതി, പക്ഷെ അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ അറിയാതെ ഉള്ളതാകാമെന്ന് വിശ്വസിച്ചു തുടങ്ങിയത് മുതൽ അതൊരു കള്ളമായിരുന്നെന്ന് ഉറപ്പാക്കുന്നത് വരെയുള്ള കാലയളവിൽ നമ്മുടെയൊക്കെ കുഞ്ഞു മനസ്സിൽ എത്രത്തോളം നീറ്റലാണ് ഉണ്ടായത്. മറ്റുള്ളവരുടെ ഈ ഒരു തമാശ കാരണം എത്രയോ തവണയാണ് കരയേണ്ടി വന്നിട്ടുള്ളത്. തവിടിന്റെ വിലയോളം ചെറുതാകുന്ന അത്തരം കുത്തുവാക്കുകളും കളിയാക്കലുകളും വെറും തുടക്കം അല്ലെങ്കിൽ മുന്പോട്ടുള്ള യാത്രയിൽ അതിലും കഠിനമായവയെ പരിചയപെടുന്നതിലേക്കുള്ള പരിശീലനം മാത്രമാണെന്ന് അന്ന് നമ്മൾ അറിഞ്ഞിരിക്കില്ല.
പഴക്കം ചെന്ന് കേടായ റേഡിയോ ഉപയോഗമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പുരപ്പുറത്തു കൊണ്ടിട്ടു അഴിച്ചു പണിത് കളിച്ചതിനു പിന്നീട് ഉണ്ടായ അറിഞ്ഞിട്ടുകൂടിയില്ലാത്ത സകലമാന കേടുപാടുകളുടെയും ഉത്തരവാദിത്തം തലയിൽ വന്നു വീണതും പോരാഞ്ഞിട്ട് "നശിനി" "തൊടുന്നതൊക്ക് നശിപ്പിക്കും" എന്നൊക്കെയുള്ള കുറ്റപ്പെടുത്തലിലും കളിയാക്കലിലും ഇല്ലാതെയായത് എഞ്ചിനീയറോ ടെക്‌നിഷ്യനോ ഒക്കെ ആകണമെന്നുള്ള പലരുടെയും മോഹം ആയിരുന്നിരിക്കണം. "നിന്റെ മുഖമെന്താ ഇങ്ങനിരിക്കുന്നത്" "അയ്യേ എന്ത് ബോറാണ് നിന്നെ കാണാൻ " തുടങ്ങിയ കമെന്റുകൾ തൊട്ട് പലതരം ഇരട്ടപ്പേരുകൾ വരെയുള്ള തമാശകൾ എത്രയോ പേരുടെ ആത്മവിശ്വാസത്തെ തല്ലി കെടുത്തിയിട്ടുണ്ടാകും, എത്രപേരെ അപകർഷതാ ബോധം കൊണ്ട് തന്റെ മുഖം ആരും കാണണ്ടാ എന്ന കരുതി തല കുനിച്ചു നടക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും. മധുരമുള്ള ശബ്ദമെന്ന് സമൂഹം നിശ്ചയിച്ച പോലുള്ള ശബ്ദമോ സംസാര രീതിയോ ഇല്ലാത്തതിന്റെ പേരിൽ കേൾക്കുന്ന കളിയാക്കലുകൾ കൊണ്ട് മൂകരായി പോയവരില്ലേ ഇവിടെ. ചിരട്ട പുരപുറത്തുരക്കുന്ന പോലത്തെ ശബ്ദം, കൊഴഞ്ഞ സംസാരം എന്നൊക്ക കേട്ടു മടുത്തിട്ടെന്നോണം മൗനം വരിച്ചവർ ഉണ്ടാവില്ലേ. മറ്റുള്ളവർ ചാർത്തി തരുന്ന പലവിധം വൈകല്യങ്ങൾ ഇല്ലായിരുന്നിട്ടുകൂടി ഉണ്ടെന്ന് വിശ്വസിച്ചു പോയവർ ആരെങ്കിലും ഒക്കെ കാണില്ലേ. നടത്തത്തിലും സംസാരത്തിലും ഇരുത്തത്തിലും അങ്ങനെ എല്ലാത്തിലും മറ്റുള്ളവരുടെ കളിയാക്കലുകൾ കൊണ്ട് അമിതമായി ശ്രദ്ധചെലുത്തി മെച്ചപ്പെടുത്താൻ ശ്രമിച്ചു ഒടുക്കം ആത്മവിശ്വാസം തകർന്ന് അപകർഷതാബോധത്തിന്റെ ഭാണ്ഡം ചുമക്കുന്ന എത്രയോ പേർ.
ഇഷ്ടവും സ്നേഹവും കൗതുകവും ഒക്കെ ചേരുവകൾക്കൊപ്പം ചേർത്ത കുറെയേറെ സമയം ചിലവിട്ടു കുറെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ പ്രതീക്ഷയോടെ മറ്റുള്ളവർക്ക് മുൻപിൽ വിളമ്പുന്ന ഭക്ഷണത്തിലെ ചെറിയൊരപാകതയെ പറഞ്ഞു പെരുപ്പിച്ചു "വായിൽ വെക്കാൻ കൊള്ളാത്തതു" ആക്കി തീർക്കുമ്പോൾ അത് തകർക്കുന്നത് അമ്മ, അച്ഛൻ, മക്കൾ, ആങ്ങള, പെങ്ങൾ, മകൻ, മകൾ അങ്ങനെ ആരും ആകട്ടെ അവരുടെ അത്രയും നേരത്തെ പ്രയത്നവും അവരുടെ മനസുമല്ലേ. പിറന്നാളുകളും വിശേഷദിവസങ്ങളിലും പല നേട്ടങ്ങളിലും നെട്ടോട്ടമോടിയും തലപുകച്ചും ഒരു നിറപുഞ്ചിരിയും ആഹ്ലാദം നിറഞ്ഞ കണ്ണുകളും മാത്രം പ്രതീക്ഷിച്ചു സമ്മാന പൊതി നീട്ടുമ്പോൾ മുന്നിൽ നെറ്റിചുളിച്ചു നീരസത്തോടെയുള്ള മുഖവും മുഷിഞ്ഞ വാക്കുകളും ഒരു ഹൃദയമല്ലേ തകർതുടക്കുന്നത്.
വിമർശനങ്ങൾ കൊണ്ടും കളിയാക്കലുകൾ കൊണ്ടും ആരുടെയൊക്കെയോ മനസ്സ് തകർത്തവരല്ലേ നാം എല്ലാവരും. ചെറിയ തെറ്റുകുറ്റങ്ങൾക്കു മുൻപിൽ കണ്ണടച്ചു ഈ വിഭവം കൊള്ളാമല്ലോ അമ്മേ/അച്ഛാ/ചേച്ചി/ചേട്ടാ... എന്ന് പറഞ്ഞിരുന്നെങ്കിലോ, കേൾക്കുന്നവനെ വേദനിപ്പിക്കാത്ത പോലെ തെറ്റ് ചൂണ്ടി കാണിച്ചിരുന്നെങ്കിലോ ഒക്കെ എത്രപേരുടെ ആത്മവിശ്വാസവും സന്തോഷവും നിലനിൽക്കുമായിരുന്നു.
വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ദുർബലപെടുത്തുന്നവരിൽ നിന്നും അകന്നു നിൽക്കുക, മറ്റുള്ളവരെ താഴ്ത്തികെട്ടിയും മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകളെ പൂർണമായും ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി എങ്കിൽ കൂടി അവർ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവരോ ഹൃദയം തന്നെയോ ആകയാൽ എന്ത് ചെയ്യും..?
- ശ്രുതി സുരേന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ